ഏഴിമലയുടെ താഴ്വരയില്‍ അറബിക്കടലിനു ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് പയ്യന്നൂര്‍. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള പയ്യന്നൂര്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്. പവിത്ര മോതിരവും ഖാദിയും ശില്പ നിര്‍മ്മാണവുമൊക്കെ ലോകമറിയപ്പെടുന്ന പയ്യന്നൂരിന്റെ പെരുമകളില്‍ ചിലത് മാത്രമാണ്. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു ‘ രണ്ടാം ബര്‍ദോളി ‘ എന്നറിയപ്പെടുന്ന പയ്യന്നൂര്‍ നിരവധി രാഷ്ട്രീയ , കലാ, സാംസ്കാരിക പ്രതിഭകളുടെ കര്‍മ്മ ഭൂമി കൂടിയാണ്.
പയ്യന്നൂരും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് പേര്‍ ഗള്‍ഫിലും മറ്റു വിദേശ നാടുകളിലും ജോലി ചെയ്യുന്നു. പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി രൂപീകരിക്കപ്പെട്ടത് 2002 മെയ് മാസം 31 നാണ് . പയ്യന്നൂരിന്റെ സമ്പന്നമായ പാരമ്പര്യം ലോകത്തിനു മുന്നില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ 2000 മുതല്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ഡോട്ട് കോം മുന്‍കൈയ്യെടുത്താണ് പയ്യന്നൂര്‍ സൗഹൃദവേദി രൂപീകരിച്ചത്.
ദുബായ് , ഷാര്‍ജ, മറ്റു വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പയ്യന്നൂര്‍ക്കാരായ പ്രവാസികളെ ഒന്നിച്ചു കൊണ്ട് വരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക , കലാ സാംസ്‌കാരിക പരിപാടികള്‍ സഘടിപ്പിക്കുക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെയാണ് ഈ ജാതി മത കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
ദുബായില്‍ രൂപീകരിച്ച പയ്യന്നൂര്‍ സൗഹൃദ വേദിയെ മാതൃകയാക്കി അബുദാബി , ഖത്തര്‍, ഒമാന്‍ , ബഹ്‌റൈന്‍, റിയാദ്, ദമ്മാം , ജിദ്ദ , കുവൈറ്റ് എന്നിവിടങ്ങളിലും പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്വതന്ത്ര ചാപ്റ്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രസിഡന്റ് : വി പി ശശികുമാര്‍
ജനറല്‍ സെക്രട്ടറി : ടി കെ ഗിരീഷ്
ട്രഷറര്‍ : കെ നികേഷ്